തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 90 സീറ്റ് ഉറപ്പെന്ന് സുനിൽ കനഗോലുവിന്റെ റിപ്പോർട്ട്. ഇടതുമുന്നണിക്ക് ഉറപ്പുള്ള സീറ്റുകളിൽ കുറച്ചെങ്കിലും പിടിച്ചെടുക്കാൻ ഇത്തവണ ജില്ലാ പഞ്ചായത്തിലുൾപ്പെടെ വിജയിച്ച യുവതീ യുവാക്കളെയും സിനിമ- സാംസ്കാരിക മേഖലയിലെ പ്രമുഖരെയും നിയോഗിക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംഘടനാ സംവിധാനം ദുർബലമാണെങ്കിലും സംസ്ഥാന സർക്കാരിന് എതിരേയുള്ള ഭരണവിരുദ്ധ വികാരമാണ് യുഡിഎഫിന് കേരളത്തിൽ പ്രധാന തുണയാകുന്നത്. കോണ്ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിൽ ഒന്നോ രണ്ടോ ഒഴികെ നഷ്ടപ്പെടാൻ സാധ്യത കുറവാണ്.
ഭരണവിരുദ്ധ വികാരം ആളിക്കത്തുന്നതാണ് പല സീറ്റുകളും എൽഡിഎഫിനു നഷ്ടമാകാൻ കാരണമാകുന്നത്. സുൽത്താൻ ബത്തേരിയിൽ നടന്ന കോണ്ഗ്രസ് ക്യാമ്പിൽ നിയമസഭ തെരഞ്ഞെടുപ്പ് ആക്ഷൻ പ്ലാൻ കനഗോലു അവതരിപ്പിച്ചിരുന്നു.
തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ യുഡിഎഫ് ദുർബലം
യുഡിഎഫിന് അനുകൂല സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുമ്പോഴും തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ പല സീറ്റുകളിലും ഇപ്പോഴും യുഡിഎഫ് ദുർബലാവസ്ഥയിലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പിടിച്ചെടുക്കേണ്ട സീറ്റുകളിൽ വിജയസാധ്യതയും യുവത്വത്തിനു മുൻതൂക്കവും നൽകിയാകണം സ്ഥാനാർഥികളെ നിശ്ചയിക്കേണ്ടത്. ജനപ്രിയതയും സാമൂഹിക മാധ്യമ സ്വാധീനവും അളക്കണം. വിജയസാധ്യത എന്നതിനൊപ്പം ഓരോ മണ്ഡലത്തിലെയും പൾസറിയാനും കൂടുതൽ സർവേ നടത്തും.
സാമുദായിക അസന്തുലിതാവസ്ഥ പരിഹരിക്കാൻ പരമാവധി ശ്രമിക്കണം. മുതിർന്ന നേതാക്കളിൽ ജയസാധ്യതയുള്ളവരെ പരിഗണിക്കണം. സിറ്റിംഗ് എംഎൽഎമാരിൽ ജയസാധ്യതയുള്ളവരെ പ്രായം നോക്കാതെ മത്സരിപ്പിക്കണം.
തലസ്ഥാന നഗരം ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിൽ നാലു സീറ്റ് മാത്രമാണ് യുഡിഎഫിന് ഉറപ്പെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ്, എൽഡിഎഫ്, ബിജെപി മുന്നണികൾ നിശ്ചയിക്കുന്ന സ്ഥാനാർഥികളുടെ അടിസ്ഥാനത്തിൽ ഇതു പരമാവധി ആറു വരെമാത്രമായി ഉയരാം.
ആലപ്പുഴയിലും കണ്ണൂരിലും ഭരണവിരുദ്ധ വികാരം മുതലാക്കാൻ കൂടുതൽ തന്ത്രങ്ങൾ ആവിഷ്കരിച്ചു പ്രായോഗിക തലത്തിൽ നടപ്പാക്കേണ്ടതുണ്ട്.
ഇടതുമുന്നണിക്ക് സമഗ്രാധിപത്യമുള്ള കൊല്ലം ജില്ലയിലും യുഡിഎഫിന് ആറ് സീറ്റ് കനഗോലു സംഘം ഉറപ്പാക്കുന്നു. മികച്ച സ്ഥാനാർഥികളെ മത്സരരംഗത്ത് നേരത്തേ ഇറക്കാനായാൽ ഇത് എട്ടുവരെ ഉയരാം.
പത്തനംതിട്ടയിൽ അഞ്ചിൽ അഞ്ചും യുഡിഎഫ് പിടിച്ചെടുക്കും. കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മധ്യകേരളത്തിൽ വലിയ ഭൂരിപക്ഷം നേടാം.
എറണാകുളത്ത് 12 സീറ്റ് യുഡിഎഫിനു ലഭിക്കാം. തൃശൂരും പാലക്കാടും ഭൂരിഭാഗം സീറ്റുകളും നേടാം. മലപ്പുറവും വയനാടും യുഡിഎഫ് തൂത്തുവാരും. കോഴിക്കോടും കാസർഗോഡും യുഡിഎഫിന് അനുകൂലമാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.